2012, ഓഗസ്റ്റ് 11, ശനിയാഴ്‌ച

നമ്മുടെ വിദ്യാലയം - ഒരെത്തി നോട്ടം

                             കേരളപ്പിറവിക്ക് മുമ്പ് മദിരാശി സംസ്ഥാനത്ത് മലബാർ ജില്ലയിലെ പഴയ വള്ളുവനാട് താലൂക്കിൽ‌പ്പെട്ട ഗ്രാമ പ്രദേശത്താണു കുരുവമ്പലം.1921 ലെ മലബാർ കലാപത്തോടനുബന്ധിച്ച് ഏറെ കഷ്ട നഷ്ടങ്ങൾ അനുഭവിക്കേണ്ടി വന്ന നാട്ടിൻ പുറം.മത സൌഹാർദ്ദത്തോടെ പരസ്പരം ഇണങ്ങി കഴിഞ്ഞിരുന്ന നാട്ടുകാർ.അധികവും കർഷകരും കർഷക തൊഴിലാളികളും.  


                              മൂത്തകൂരമ്പിൽ നാരായണൻ നമ്പൂതിരിയും കുരുവമ്പലം പിഷാരത്ത് ക്യഷ്ണപിഷാരടിയും ചേർന്ന് നടത്തിയ വയോജന വിദ്യാഭ്യാസ ക്ലാസ്സാണു ഈ പ്രദേശത്തെ ആദ്യത്തെ സാക്ഷരതാ പ്രവർത്തനം.കൂരിതൊടി മൊയ്തീൻ ഹാജിയുടെ പത്തായപുരയിലാണു ക്ലാസ് നടന്നിരുന്നത്.


                              വിദ്യാഭ്യാസം സാർവ്വത്രികമാക്കുന്നതിനു വേണ്ടി ഇന്നത്തെ കുരുവമ്പലം മദ്രസ്സയുടെ തൊട്ട് പടിഞ്ഞാറെ പറമ്പിൽ മാപ്പിള എലിമെന്ററി സ്കൂൾ എന്ന പേരിൽ ഏനു സാഹിബ് അന്ന് സ്ഥാപിച്ചതാണു ഇന്നത്തെ കുരുവമ്പലം AMLP സ്കൂൾ (മാപ്പിള എലിമെന്ററി സ്കൂൾ).മദ്രാസ് എഡ്യുക്കേഷൻ റൂൾ (MER)അനുസരിച്ച് അഞ്ച് ക്ലാസ്സുകൾ നടത്താവുന്ന വിധം മൺ ചുമരുകളോട് കൂടിയ ഓലയും വൈക്കോലും മേഞ്ഞ കെട്ടിടമായിരുന്നു .

                                  മത പ0നവും ഭൌതിക പ0നവും ഒരേ കെട്ടിടത്തിൽ തന്നെ നടത്തുന്നതിനു കൂടിയാണു ഈ വിദ്യാലയം സ്ഥാപിച്ചത്.അപ്രകാരം കാലത്ത് ഓത്ത് പള്ളിയും അതിനു ശേഷം പള്ളിക്കൂടവുമായി പ്രവർത്തനമാരംഭിച്ചു.രാവിലെ മൊല്ലയും പിന്നെ മാസ്റ്ററുമാകാൻ യോഗ്യതയുള്ളവരായിരുന്നു ആദ്യകാല അധ്യാപകരിൽ പലരും.

                                  കുരുവമ്പലത്തെ പിടിച്ച് കുലുക്കിയ ഒരു സംഭവമായിരുന്നു വാഗൺ ദുരന്തം.ഇതിൽ രക്ത സാക്ഷികളായ 70 ൽ 35 പേരും ഈ വില്ലേജിലുള്ളവരായിരുന്നു.ആവശ്യമായ കുട്ടികളുടെ അഭാവവും പലവിധ പ്രതികൂല സാഹചര്യങ്ങളും നിമിത്തം ഈ വിദ്യാലത്തിനു അംഗീകാരം ലഭിക്കാൻ വർഷങ്ങൾ  തന്നെ കാത്തിരിക്കേണ്ടി വന്നു.ഇക്കാലമത്രയും അധ്യാപകരുടെ ശമ്പളം ,ഭക്ഷണം,താമസ സൌകര്യം എന്നിവയെല്ലാം മാനേജർ ഏനു സാഹിബ് തന്നെയാണു വഹിച്ചിരുന്നത്.

                               1943 ൽ സ്ഥാപക മാനേജർ ഏനു സാഹിബ് അന്തരിച്ചു.പിന്നീട് സ്കൂൾ മാനേജ് മെന്റ് എ.സി ഭട്ടതിരിപ്പാടിന് കൈമാറി .തുടർന്ന് ഈ സ്കൂളിലെ അധ്യാപകനായിരുന്ന മുഹമ്മദ് മാസ്റ്റർ ആയിരുന്നു മാനേജർ.സ്വാതന്ത്ര ലബ്ദിക്ക് ശേഷം ഈ വിദ്യാലത്തിനു പുത്തനുണർവുണ്ടായി.ഇക്കാലത്ത് ഹെഡ്മാസ്റ്റർ ആയിരുന്ന എം വി കുട്ടി ക്യഷണ വാര്യരുടെ സേവനങ്ങൾ വലുതാണ്.

                                കേരളപ്പിറവിയോടെ കെ ഇ ആർ നിലവിൽ വരുകയും അതനുസരിച്ച് അഞ്ചാം തരം നാലാം തരം വരെയായി ചുരുങ്ങുകയും സ്കൂളിന്റെ പേര് എയ്ഡഡ് മാപ്പിള ലോവർ പ്രൈമറി  സ്കൂൾ എന്നാക്കി മാറ്റുകയും ചെയ്തു  
  
                                  1959 മുതൽ ബേബി മാസ്റ്റർ ആയിരുന്നു മാനേജർ.ഒരു യു പി സ്കൂളായി ഉയർത്തുന്നതിനു വേണ്ടി സ്കൂൾ ഇന്ന് കാണുന്ന സ്ഥലത്തേക്ക് മാറ്റുകയും ആവശ്യമായ സ്ഥലവും കെട്ടിടങ്ങളും ഒരുക്കുകയും ചെയ്തു.ദൌർഭാഗ്യവശാൽ യു പി സ്കൂളാക്കി ഉയർത്തുക എന്ന ആഗ്രഹം വിജയം കണ്ടില്ല.പുതിയ ഒരുപാട് സൌകര്യങ്ങൾ ഉയർത്തിക്കൊണ്ട് പുതിയ മാനേജർ ശശിയും മുൻപോട്ട് പോയികൊണ്ടിരിക്കുന്നു.സ്കൂളിൽ നഴ്സറി ക്ലാസ്സുകൾ ആരംഭിക്കുകയും അനേകം കുട്ടികളുമായി നല്ല രീതിയിൽ മുന്നോട്ട് പോകുന്നു.സ്കൂളിൻ സ്വന്തമായി ബസ്സും നല്ല ക്ലാസ്സ് റൂമുകയും ടോയ്ലറ്റ് സംവിധാനവും കംബ്യൂട്ടർ ലാബും എല്ലാം സ്കൂളിന്റെ ഉയർച്ചയിൽ ഘടകമായി.പ്രധാനധ്യാപകൻ കെ ടി ഹംസമാസ്റ്ററുടെ നേത്രത്വത്തിൽ ഒരുമയോടെ പ്രവർത്തിക്കുന്ന സഹ അധ്യാപിക അധ്യാപകന്മാരും സ്കൂളിനൊരു മുതൽകൂട്ടാണു.


     കടപ്പാട്:കെ സൈനുദ്ദീൻ മാസ്റ്റർ(സുവനീർ-പ്ലാറ്റിനം ജൂബിലി)   
                                                            

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ