2012, ഓഗസ്റ്റ് 12, ഞായറാഴ്‌ച

ബേബി നമ്പ്യാർ മാസ്റ്റർ - ഓർമയിൽ തിളങ്ങുന്ന നക്ഷത്രം

                                          ശശിയുടെ അച്ചൻ എന്ന നിലയിൽ നമ്പ്യാർ മാസ്റ്റർ ഞങ്ങൾക്കൊക്കെ അച്ചനായിരുന്നു.അധികം മിനുത്തതല്ലാത്ത ഖദർ മുണ്ടും ഷർട്ടും വേഷം.കക്ഷത്തിൽ കറുത്ത ഹാന്റ് ബേഗ്.നിഷ്കളങ്കമായ ചിരി.ചിരിക്കുമ്പോൾ കണ്ണുകൾ നേർത്ത വരപോലെയാകും.ആ പ്രകാശം മിക്കപ്പോഴുമുള്ള മുഖത്തെ കുറ്റിത്താടിയിലും നെറ്റിയിലും പരക്കും.

                                       പരിചയപ്പെട്ടത് എന്നാണ്? ക്യത്യമായി ഓർക്കാൻ കഴിയുന്നില്ല.എങ്കിലും സദാ ഒരു നഷ്ട ബോധം? കുറച്ച് കാലം മുമ്പേ പരിചയപ്പെട്ടിരുന്നെങ്കിൽ....


                                         അച്ചൻ പി കെ നമ്പ്യാരുടെ മരണ ശേഷം മാസങ്ങൾ കഴിഞ്ഞാണു ഞാൻ കുരുവമ്പലത്തെത്തിയത്.വള്ളുവനാടിന്റേയും ഏറനാടിന്റേയും സമ്മിശ്ര സംസ്കാരമുള്ള നാട്.വീട്ടിലേക്കുള്ള ചെമ്മൺ പാതയിൽ കള്ളു ഷാപ്പും കഴിഞ്ഞ് മുന്നോട്ട്  നടന്നു .മനസ്സിൽ ഒരേ രൂപം .ഒരേ ചിരി. പിന്നിൽ ഒരു പാദ ചലനം പിന്നിലാരൊ..? എന്റെ തോന്നലാകാം ...ശശി എനിക്കൊപ്പമുണ്ടെങ്കിലും ഞങ്ങൾ പരസ്പരം ഒന്നും ഉരിയാടിയിരുന്നില്ല.


                                         ഏയ് ശശിയേ അച്ചന്റെ ആ വിളി പ്രതീക്ഷിച്ചാണു ഞാൻ നടന്നത്.വെറുതെ ഓരോന്ന് ഓർക്കാതെ ഞാൻ വേലികളിൽ പൂത്ത മഞ്ഞപൂക്കളിൽ മനസ്സും കണ്ണും ഉടക്കി നടന്നു.ഇത്രയും നിശ്ചയ ദാർഡ്യമുള്ള അപൂർവ്വം മനുഷ്യരേയാണു ഞാൻ പരിചയപ്പെട്ടത്.അതാണു പി പി കെ നമ്പ്യാർ.


                                           അന്നനാളത്തിലും ശ്വാസകോസത്തിലും അർബുദമെന്ന മാരക രോഗം കാർന്നപ്പോഴും ആ നിശ്ചയ ദാർഡ്യം തളർത്തിയില്ല.മരണത്തിന്റെ തണുത്ത കരങ്ങളുടെ തലോടൽ അദ്ദേഹം നേരത്തെ അറിഞ്ഞിരുന്നുവോ ആവോ? എന്റെ സംശയങ്ങൾ കുഞ്ഞുപൂട പോലെ ബാക്കിയായി.


                                            വിദഗ്ദ്ധ പരിശോധനകൾക്കായി ആസുപത്രികളിൽ നിന്നു ആശുപത്രികളിലേക്ക് അദ്ദേഹത്തിന്റെ മക്കളോടൊപ്പം ഞാനും യാത്ര ചെയ്തു.ആശുപത്രി യാത്രക്കിടയിൽ വേദന കൊണ്ട് പുളയുമ്പോൾ എല്ലാം മറന്നുള്ള പൊട്ടിച്ചിരി.ഞങ്ങൾ ഒപ്പം കൂടുമ്പോഴുള്ള സ്വത സിദ്ധമായ രാഷ്ട്രീയം പറച്ചിൽ .


                                           കോയമ്പത്തൂരിലെ കുപ്പു സ്വാമി നായിഡു മെമ്മോറിയൽ ആശുപത്രിയിലെ തീവ്ര പരിശോധനക്കിടയിലും അദ്ദേഹം ചിരിച്ചു.ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്തനായ ഓങ്കോളജിസ്റ്റിന്റെ പരിശോധനകളേല്ലാം നെഗറ്റീവ് .ശശ്യേ...ഇവിടുത്തെ പരിശോധന കൊണ്ടെല്ലാം നേരയാകും  അദ്ദേഹം ഇടക്കിടെ പറയും ....


                                          ആ ശരീരം പതുക്കെ പതുക്കെ രോഗം കാർന്ന് തിന്നുന്നത് ഞാനറിഞ്ഞു.ശരീരം ശോശിച്ചു.കൈകൾ പണിപ്പെട്ട് പൊക്കണമെന്നായി.കവിളുകൾ കൂടുതലൊട്ടി.എങ്കിലും ആ കണ്ണുകളിലെ ഇണക്കവും ചിരിയും മാഞ്ഞിട്ടില്ലെന്ന് ഞാൻ കണ്ടു.ഏതാനും ആഴ്ചകൾക്കപ്പുറം കെ പി ഏം ആശുപത്രിയിലെ തീവ്ര പരിചരണ മുറിയിൽ വെച്ച് ആ കണ്ണുകളിലെ തിരിനാളം അണഞ്ഞു.    


                                         വീട്ടിൽ കിടത്തിയ മ്യതദേഹത്തിൽ അന്ത്യോപചാരം അർപ്പിക്കാൻ നിരവധിപേരെത്തി.അവരിൽ സഹപ്രവർത്തകർ ,രാഷ്ട്രീയ നേതാക്കൾ,പൌരപ്രമുഖർ ,ശിഷ്യർ ആ നീണ്ട നിരയിൽ ഞാൻ കണ്ടു.അന്ത്യോപച്ചാര നിമിഷങ്ങളോന്നും എന്റെ കണ്ണിൽ നിന്നും മായുന്നില്ല.പട്ടടയിലേക്ക് എടുക്കും മുമ്പ് ശവക്കച്ച നീക്കി ആ മുഖം കൈകുമ്പിളിലെടുത്ത ശശി ചുറ്റും കരയുന്ന പേരകുട്ടികളും ഗ്രാമീണരും എന്റെ കണ്ണുകൾക്ക് വേണ്ടി കണ്ണീർപാടം കൊണ്ട് ഒന്നും കാണാനായില്ല.ചുടലപറമ്പിലെ തീ നാളങ്ങൾ ഏറ്റുവാങ്ങുന്നത് ഞാൻ കണ്ണിമവെക്കാതെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.ഇരുൾ മൂടിയ പുക പടലത്തിലും ഞാൻ ആ ചിരി കണ്ടു.


                                          രാഷ്ട്രീയ - സാമൂഹ്യ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലും ചർച്ച ചെയ്യുന്നതും അദ്ദേഹത്തിനു ആവേശമായിരുന്നു.എതിരാളികളുടെ ആശയങ്ങളെ എതിർക്കുമ്പോഴും നീതി പുലർത്തിയിരുന്നു.


                                        ഖദർമുണ്ടും ഷർട്ടൂമണിഞ്ഞ് കക്ഷത്തിൽ പതിവിലധികം വീർത്ത കറുത്ത ബാഗുമായി പോകുന്ന അദ്ദേഹത്തെ കുരുവമ്പലം ഗ്രാമത്തിൽ എന്നെങ്കിലും കണ്ടുമുട്ടുമെന്ന് എനിക്ക് വെറുതെ വെറുതെ തോനുന്നു....... 


(ഓർമ പങ്കുവെച്ചത്- ടി കെ രത്നാകരൻ)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ